കാറിൽ നിന്ന് ഇറങ്ങാൻ പറഞ്ഞ എസ്ഐയുടെ കൈ യുവാവ് കടിച്ചു

 
police jeep

തിരൂർ: സംശയാസ്പദമായി നിർത്തിയിട്ടിരുന്ന കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ട യുവാവ് കൈയ്യിൽ കടിച്ചതിനെ തുടർന്ന് എസ്ഐക്ക് പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് സംഭവം. സംഭവത്തെ തുടർന്ന് അജയൻ (45) എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ഉദയരാജിന്റെ കൈയിലാണ് അജയൻ കടിച്ചത്. തിങ്കളാഴ്ച പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലാണ് സംഭവം.

രാവിലെ പട്രോളിംഗിനിടെ ഉദയരാജും സംഘവും ബീരാഞ്ചിറയിൽ സംശയാസ്പദമായ രീതിയിൽ ഒരു കാർ പാർക്ക് ചെയ്യുന്നത് കണ്ടു. തുടർന്ന് പോലീസ് സംഘം കാറിന് സമീപം ചെന്നപ്പോഴാണ് ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന അജയനെ കണ്ടത്. തുടർന്ന് ഇയാളുടെ വിവരങ്ങൾ ചോദിച്ചറിയുകയും കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു.

എന്നാൽ അജയൻ വാഹനത്തിൽ നിന്ന് ഇറങ്ങാൻ വിസമ്മതിച്ചതോടെ പോലീസ് കാറിന്റെ ഡോർ തുറന്ന് പുറത്തിറക്കാൻ ശ്രമിച്ചു. ഇതേത്തുടർന്ന് ഇയാളും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ എസ്ഐയുടെ കൈയിൽ അജയൻ കടിച്ചു.

ഇതോടെ പൊലീസ് ഉദ്യോഗസ്ഥർ ബലം പ്രയോഗിച്ച് അജയനെ പിടികൂടി. തുടർന്ന് അറസ്റ്റ് ചെയ്ത് തിരൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ എസ്ഐ തിരൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.