സെപ്റ്റോ വെയർഹൗസ് പൂട്ടിയതിന് പിന്നാലെ സൊമാറ്റോ ഹൈപ്പർപ്യൂർ കേന്ദ്രത്തിലും പരിശോധന

 
National

ബെംഗളൂരുവിൽ സെപ്റ്റോയുടെ വെയർഹൗസ് ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിനെ തുടർന്ന് പൂട്ടിയതിന് പിന്നാലെ സൊമാറ്റോയുടെ ഹൈപ്പർപ്യൂർ വെയർഹൗസിലും പരിശോധന തുടങ്ങി. കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് ബുധനാഴ്ച പരിശോധന നടത്തിയത്. 

ബെന്നർഘട്ട റോഡിലുള്ള സൊമാറ്റോ ഹൈപ്പർപ്യൂർ കേന്ദ്രത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വെയർഹൗസിൽ സൂക്ഷിച്ചിരുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം, സംഭരണം, ലേബലിങ്, കൈകാര്യം ചെയ്യുന്ന രീതി എന്നിവയാണ് പരിശോധിച്ചത്. പരിശോധനയുടെ ഫലം സംബന്ധിച്ച് അധികൃതർ ഇതുവരെ ഔദ്യോഗിക വിശദീകരണം പുറത്തുവിട്ടിട്ടില്ല. 

ചൊവ്വാഴ്ച ബെംഗളൂരു റൂറലിലെ ഹോസ്കോട്ട് താലൂക്കിലുള്ള സെപ്റ്റോ വെയർഹൗസ് അധികൃതർ പൂട്ടിയിരുന്നു. പരിശോധനയിൽ ജൈവമാലിന്യം, ഉപേക്ഷിച്ച റാപ്പറുകളും കുപ്പികളും, തറയിലെ അഴുക്ക്, ഒഴിഞ്ഞ കാർഡ്ബോർഡ് പെട്ടികൾ എന്നിവ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഭക്ഷ്യവസ്തുക്കളുടെ ലേബലിങ്ങിലെ ക്രമക്കേട്, മിസ്‌ബ്രാൻഡിങ്, ശുചിത്വമില്ലാത്ത സംഭരണവും കൈകാര്യം ചെയ്യലും ഉൾപ്പെടെയുള്ള നിയമലംഘനങ്ങളും കണ്ടെത്തിയിരുന്നു. 

സെപ്റ്റോ വെയർഹൗസിന് നോട്ടീസ് നൽകിയതിന് പുറമെ നിയമനടപടികൾക്കായി കേസ് ഫയൽ ചെയ്യാനും അധികൃതർ ശുപാർശ ചെയ്തിട്ടുണ്ട്. പരിശോധനയിൽ കണ്ടെത്തിയ കാര്യങ്ങൾ പരിഹരിക്കാൻ അധികൃതരുമായി സഹകരിക്കുന്നതായി സെപ്റ്റോയും അറിയിച്ചിട്ടുണ്ട്.