ക്വാർട്ടർ ഫൈനലിൽ ബ്രിട്ടനെ തോൽപ്പിച്ച് ഇന്ത്യ ഒളിമ്പിക് ഹോക്കി സെമിയിലേക്ക്
പാരീസ്: ഒളിമ്പിക്‌സിലെ ആവേശകരമായ ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ബ്രിട്ടനെ തകർത്ത് ഇന്ത്യൻ ഹോക്കി ടീം സെമിഫൈനൽ ഉറപ്പിച്ചു. നിശ്ചിത സമയത്ത് ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞ മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലൂടെ 4-2ന് ഇന്ത്യ വിജയിച്ചു. ബ്രിട്ടീഷുകാരുടെ ആക്രമണത്തിനെതിരെ മതിൽ പോലെ നിന്ന മലയാളി താരവും ഗോൾകീപ്പറുമായ പി ആർ ശ്രീജേഷാണ് ഹീറോ ഓഫ് ദ മാച്ച്.
മത്സരത്തിൽ പത്ത് പേരായി ചുരുങ്ങിയെങ്കിലും ഇന്ത്യ വീറോടെ പൊരുതി. 22-ാം മിനിറ്റിൽ ഇന്ത്യൻ നായകൻ ഹർമൻപ്രീത് സിംഗ് ഗോൾ നേടിയെങ്കിലും 27-ാം മിനിറ്റിൽ ബ്രിട്ടൻ്റെ ലീ മോർട്ടൺ സമനില പിടിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിൽ ഇന്ത്യ 4-2ന് ജയിച്ചു. ജർമ്മനിയോ അർജൻ്റീനയോ ആയിരിക്കും ഇന്ത്യയുടെ സെമിയിലെ എതിരാളികൾ.
പ്രാഥമിക റൗണ്ടിൽ ബ്രിട്ടൻ പൂൾ എയിൽ മൂന്നാം സ്ഥാനത്തെത്തിയപ്പോൾ മൂന്ന് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 10 പോയിൻ്റുമായി ഇന്ത്യ പൂൾ ബിയിൽ രണ്ടാം സ്ഥാനത്തെത്തി. ന്യൂസിലൻഡിനെ 3-2ന് തോൽപ്പിച്ചാണ് ഇന്ത്യ തങ്ങളുടെ കാമ്പെയ്ൻ ആരംഭിച്ചത്, തുടർന്ന് അർജൻ്റീനയോട് 1-1 സമനിലയും അയർലൻഡിനെ 2-0ന് പരാജയപ്പെടുത്തി.
ബെൽജിയത്തോട് 1-2ന് തോറ്റെങ്കിലും, തങ്ങളുടെ അവസാന മത്സരത്തിൽ ഓസ്‌ട്രേലിയയെ 3-2ന് പരാജയപ്പെടുത്തി അവർ തിരിച്ചുവരികയായിരുന്നു. 1976-ലെ മോൺട്രിയൽ ഒളിമ്പിക്‌സിൽ കൃത്രിമ ടർഫിലേക്ക് മാറിയതിന് ശേഷം ഹോക്കിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ആദ്യ വിജയവും 52 വർഷത്തിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ അവരുടെ ആദ്യ വിജയവും ആയതിനാൽ ഈ വിജയം ശ്രദ്ധേയമായിരുന്നു.