അമ്മയുടെ സ്നേഹത്തെ വെല്ലുന്ന മറ്റൊന്നില്ലെന്ന് കാണിച്ചുതരികയാണ് മൂന്ന് കാലുള്ള ചീങ്കണ്ണി
അമ്മയ്ക്ക് തുല്യം അമ്മ മാത്രം എന്ന് നാമെപ്പോഴും പറയാറുണ്ട്. മനുഷ്യരുടെ കാര്യത്തില്‍ മാത്രമല്ല മൃഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെ തന്നെയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു ചീങ്കണ്ണി. അമ്മയുടെ സ്നേഹത്തെ വെല്ലുന്ന മറ്റൊന്നില്ലെന്ന് കാണിച്ചുതരികയാണ് മൂന്ന് കാലുള്ള അമ്മച്ചീങ്കണ്ണി. തന്റെ കുഞ്ഞുങ്ങളെ പരിപാലിക്കുന്നതും അവര്‍ക്കായി ഒരു കൂടുണ്ടാക്കുന്നതും കാണിക്കുന്ന ഒരു വീഡിയോ ഓണ്‍ലൈനില്‍ ഇപ്പോള്‍ ശ്രദ്ധ നേടുകയാണ്
ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്ത വീഡിയോയില്‍, അമ്മച്ചീങ്കണ്ണി തന്റെ കുഞ്ഞുങ്ങളുടെ അടുത്തേക്ക് മുടന്തി നീങ്ങുന്നതും കൂടിലേക്ക് പോകാന്‍ അതിനെ വേര്‍പെടുത്തുന്നതും കാണാം. 'വടികളും ചില്ലകളും മറ്റും ഉപയോഗിച്ച് അവള്‍ ഈ വലിയ കൂടുണ്ടാക്കി, ഇപ്പോള്‍ വെറും 3 കൈകാലുകള്‍ കൊണ്ട് തന്റെ കുഞ്ഞുങ്ങളെ തന്റെ ജീവന്‍ കൊണ്ട് സംരക്ഷിക്കുന്നു' എന്നാണ് പോസ്റ്റിന്റെ അടിക്കുറിപ്പ്. അമേരിക്കയിലെ ഫ്‌ലോറിഡയിലാണ് സംഭവം.
വീഡിയോ ഷെയര്‍ ചെയ്തതു മുതല്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വിസ്മയിപ്പിച്ചിരിക്കുകയാണ്. 'സൂപ്പര്‍ കൂള്‍' എന്നാണ് വീഡിയോ കണ്ട ഒരാള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, ന്യൂസ് വീക്കിനോട് സംസാരിക്കുമ്പോള്‍, ഫ്‌ലോറിഡ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്ട്രിയിലെ ഹെര്‍പ്പറ്റോളജിസ്റ്റായ കോള്‍മാന്‍ എം ഷീഹി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെ:
'ചീങ്കണ്ണികള്‍ നന്നായി കുട്ടികളെ പരിചരിക്കുന്നവയാണ്. അത്തരം കാര്യങ്ങള്‍ അവ നന്നായി കൈകാര്യം ചെയ്യും. അമ്മമാര്‍ കൂടുകള്‍ നിര്‍മ്മിക്കുകയും, വേട്ടക്കാരില്‍ നിന്ന് കൂടുകളെ സംരക്ഷിക്കുകയും ചെയ്യും. ഈ രീതിയിലുള്ള സംരക്ഷണം ഉറപ്പാക്കിയാല്‍ മാത്രമേ ചീങ്കണ്ണികള്‍ക്ക് അവയുടെ കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ.'
ഏതായാലും മനുഷ്യരെ പോലും വെല്ലുന്ന രീതിയിലുള്ള അമ്മ ചീങ്കണ്ണിയുടെ കരുതലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. വീഡിയോ പോസ്റ്റ് ചെയ്ത ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് വ്യാപകമായി പ്രചരിക്കപ്പെട്ടു കഴിഞ്ഞു.