പാക്കിസ്ഥാനിൽ ഇന്ന് പൊതുതെരഞ്ഞെടുപ്പ് നടക്കും; ഇരട്ട സ്‌ഫോടനങ്ങളിൽ 28 പേർ കൊല്ലപ്പെട്ടു

 
world

ഇസ്ലാമാബാദ്: അക്രമ ഭീഷണിയും അട്ടിമറി സാധ്യതയും നിലനിൽക്കുന്ന പാക്കിസ്ഥാനിൽ വ്യാഴാഴ്ച പൊതുതെരഞ്ഞെടുപ്പ് നടക്കും. അതിനിടെ, ബുധനാഴ്ച ബലൂചിസ്ഥാനിൽ തുടർച്ചയായ രണ്ട് ബോംബാക്രമണങ്ങളിൽ 28 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നിരവധി വാഹനങ്ങളും കടകളും സ്‌ഫോടനത്തിൽ തകർന്നു.

പിഷിനിലെ സ്വതന്ത്ര സ്ഥാനാർത്ഥി അസ്ഫന്ദ്യാർ കാക്കറിൻ്റെ തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്തായിരുന്നു ആദ്യ സ്ഫോടനം. ഫെബ്രുവരി 8 ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ NA-265 മണ്ഡലത്തിൽ നിന്നും ബലൂചിസ്ഥാൻ നിയമസഭാ മണ്ഡലങ്ങളിൽ നിന്നും -- PB-47, PB-48 എന്നിവിടങ്ങളിൽ നിന്നും കാക്കർ മത്സരിക്കുമെന്ന് റിപ്പോർട്ട്. സ്‌ഫോടനത്തിൽ 18 പേർ കൊല്ലപ്പെട്ടു.

ആദ്യ ആക്രമണത്തിന് തൊട്ടുപിന്നാലെ ഖിലാ സൈഫുള്ളയിൽ രണ്ടാമത്തെ സ്ഫോടനം റിപ്പോർട്ട് ചെയ്യപ്പെട്ടു. ജെയുഐ-എഫിൻ്റെ (ജാമിയത്ത് ഉലമ-ഇ-ഇസ്‌ലാം (എഫ്)) തിരഞ്ഞെടുപ്പ് ഓഫീസിന് പുറത്ത് നടന്ന സ്‌ഫോടനത്തിൽ 10 പേർ കൊല്ലപ്പെട്ടു. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാനിൽ വ്യാപക അക്രമമാണ് നടക്കുന്നത്. അക്രമസാധ്യത കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്. അതേസമയം പാകിസ്ഥാനിൽ നവാസ് ഷെരീഫ് അധികാരത്തിൽ വരുമെന്നാണ് റിപ്പോർട്ടുകൾ.