വെനിസ്വേലയിലെ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയ്ക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം

 
kalok
kalok

സ്റ്റോക്ക്ഹോം: 2025 ലെ സമാധാനത്തിനുള്ള നോബൽ സമ്മാനം സാമൂഹിക പ്രവർത്തകയും വെനിസ്വേലയിലെ പ്രതിപക്ഷ നേതാവുമായ മരിയ കൊറിന മച്ചാഡോയ്ക്ക്. വെനിസ്വേലയിലെ ജനങ്ങളുടെ അവകാശങ്ങൾക്കായി മരിയ പ്രവർത്തിച്ചിരുന്നു. ജനാധിപത്യ അവകാശങ്ങൾക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ കാരണം മരിയ കൊറിന മച്ചാഡോയെ പലപ്പോഴും വെനിസ്വേലയുടെ ഉരുക്കുവനിത എന്നാണ് വിശേഷിപ്പിക്കുന്നത്. ടൈം മാഗസിന്റെ '2025 ലെ ഏറ്റവും സ്വാധീനമുള്ള 100 പേരുടെ' പട്ടികയിലും മരിയയെ ഉൾപ്പെടുത്തിയിട്ടുണ്ട്.

കഴിഞ്ഞ ഒരു വർഷമായി മരിയ കൊറിന മച്ചാഡോ ഒളിവിൽ കഴിയേണ്ടി വന്നു. എന്നിട്ടും അവരുടെ ശ്രമങ്ങൾ വെനിസ്വേലയിലെ ജനങ്ങളെ പ്രചോദിപ്പിച്ചുവെന്ന് നോർവീജിയൻ നോബൽ കമ്മിറ്റി ചെയർമാൻ ജോർഗൻ വാട്നെ തന്റെ പേര് പ്രഖ്യാപിക്കുമ്പോൾ പറഞ്ഞു. 1967 ഒക്ടോബർ 7 ന് കാരക്കാസിൽ ജനിച്ച മരിയ, മനശാസ്ത്രജ്ഞയായ കൊറിന പാരിസ്കയുടെയും ബിസിനസുകാരനായ ഹെൻറിക് മച്ചാഡോ സുലോഗയുടെയും മൂത്ത മകളാണ്.

ഒരു രാഷ്ട്രീയ പ്രവർത്തക എന്നതിനപ്പുറം, അവർ ഒരു എഞ്ചിനീയറായും മനുഷ്യാവകാശ അഭിഭാഷകയായും പ്രവർത്തിക്കുന്നു. ആൻഡ്രേസ് ബെല്ലോ കാത്തലിക് യൂണിവേഴ്സിറ്റിയിൽ നിന്ന് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ ബിരുദവും കാരക്കാസിലെ ഇൻസ്റ്റിറ്റ്യൂട്ടോ ഡി എസ്റ്റുഡിയോസ് സുപ്പീരിയേഴ്സ് ഡി അഡ്മിനിസ്ട്രേഷൻ (ഐഇഎസ്എ) യിൽ നിന്ന് ഫിനാൻസിൽ ബിരുദാനന്തര ബിരുദവും മച്ചാഡോ നേടിയിട്ടുണ്ട്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതീക്ഷകളെ തകർത്താണ് സമാധാനത്തിനുള്ള നോബൽ സമ്മാനം പ്രഖ്യാപിച്ചത്. ഏഴ് യുദ്ധങ്ങൾ താൻ അവസാനിപ്പിച്ചുവെന്ന അവകാശവാദവുമായി ട്രംപും അദ്ദേഹത്തിന്റെ അനുയായികളും രംഗത്തെത്തിയതോടെ ഈ വർഷത്തെ സമാധാനത്തിനുള്ള നോബൽ സമ്മാനത്തെ ചുറ്റിപ്പറ്റിയുള്ള ആവേശം വർദ്ധിച്ചു. എന്നിരുന്നാലും, പ്രധാന വിലയിരുത്തൽ കാലയളവ് 2025 ജനുവരി വരെ ആയിരുന്നതിനാൽ, ഇത്തവണ ട്രംപിന് നോബൽ സമ്മാനം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന നിരീക്ഷണവും ഉണ്ടായിരുന്നു.