വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ട സ്ത്രീകളെ കല്ലെറിഞ്ഞ് കൊല്ലും; മുന്നറിയിപ്പുമായി താലിബാൻ മേധാവി

 
Thaalibaan

കാബൂൾ: താലിബാൻ അഫ്ഗാനിസ്ഥാനെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചുവിടുമെന്ന ആശങ്ക ഉടൻ യാഥാർഥ്യമായേക്കും. വേശ്യാവൃത്തിയിൽ ഏർപ്പെടുന്ന സ്ത്രീകളെ പരസ്യമായി കല്ലെറിഞ്ഞ് കൊല്ലുമെന്ന് താലിബാൻ നേതാവ് മുല്ല ഹിബത്തുള്ള അഖുന്ദ്‌സാദ ഔദ്യോഗിക ചാനലിലെ ശബ്ദ സന്ദേശത്തിൽ പ്രഖ്യാപിച്ചു.

അന്താരാഷ്ട്ര സമൂഹം വാദിക്കുന്ന സ്ത്രീകളുടെ അവകാശങ്ങൾ ഇസ്ലാമിക ശരീഅത്ത് നിയമത്തിൻ്റെ താലിബാൻ്റെ വ്യാഖ്യാനത്തിന് വിരുദ്ധമാണെന്ന് അഖുന്ദ്സാദ ഓഡിയോ സന്ദേശത്തിൽ പറഞ്ഞു. കല്ലെറിയുന്നത് സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നതാണെന്ന് നിങ്ങൾ വാദിക്കുന്നു. എന്നിരുന്നാലും വേശ്യാവൃത്തിക്കുള്ള ശിക്ഷ ഞങ്ങൾ ഉടൻ നടപ്പാക്കും. ഞങ്ങൾ സ്ത്രീകളെ പരസ്യമായി ചമ്മട്ടികൊണ്ടും കല്ലെറിഞ്ഞും കൊല്ലും.

അധികാരം തിരിച്ചുപിടിച്ച് ഒരു മാസത്തിനുള്ളിൽ പെൺകുട്ടികളെ സെക്കൻഡറി സ്കൂളിൽ ചേരുന്നതിൽ നിന്ന് വിലക്കുകയും 2022 ഡിസംബറിൽ അവർക്ക് യൂണിവേഴ്സിറ്റി പ്രവേശനം നിഷേധിക്കുകയും ചെയ്തു. പിന്നീട് തൊഴിൽ ശക്തിയിൽ അവരുടെ പങ്കാളിത്തം വെട്ടിക്കുറയ്ക്കുകയും അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികളുടെ സമ്മതമില്ലാതെ വിവാഹങ്ങൾ നടക്കുകയും ചെയ്തു.